Kerala
തൃശൂർ : അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടവും ഒരധ്വാനമാണ്. ആ അധ്വാനത്തിന്റെ വിയർപ്പുതുള്ളികൾ കൊണ്ടാണ് വടശേരിക്കര ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയ കുപ്പായം അണിഞ്ഞത്.
സ്കൂളിലെ എച്ച്എസ് വിഭാഗം വിദ്യാർഥികൾ "കുട്ടികളുടെ അവകാശങ്ങൾ' വിഷയമാക്കി അവതരിപ്പിച്ച "കുപ്പായം' എന്ന നാടകമാണ് കാണികളുടെ നിറഞ്ഞ കയ്യടി നേടിയത്. നാലു വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടക മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് സ്കൂൾ കാഴ്ചവയ്ക്കുന്നത്. ഇക്കുറി ഒരു മാസം കൊണ്ടാണ് കുട്ടികൾ പരിശീലനം പൂർത്തിയാക്കി അരങ്ങിലെത്തിയത്. വിനീഷ് പാലയാട് ആണ് നാടകത്തിന്റെ രചയിതാവ്.
ഷിനിൽ വടകരയാണ് സംവിധാനം നിർവഹിച്ചത്. അമ്പു എന്ന ഗോത്രവർഗ ബാലന്റെ കഥാപാത്രത്തെ മുൻനിർത്തി കുട്ടികളുടെ അവകാശങ്ങളിലേക്കു വാതിൽ തുറക്കുന്ന നാടകത്തിൽ സ്കൂളിലെ വിദ്യാർഥികളായ ആശിഷ് രാജീവ്, എസ്.ആർ. അതുൽ, കൃഷ്ണനുണ്ണി, ജിത്തു കുര്യൻ, ബി. അമൽ, കൈലാസ് ഷൈജു, ആർ. അഭിഷേക്, കെ.ജെ. ലെനീഷ്, അനുരാഗ് രാഹുൽ, സി. അരവിന്ദ് എന്നിവർ വിവിധ കഥാപാത്രങ്ങളായി തകർത്ത് അഭിനയിച്ചു.
Kerala
തൃശൂർ: ഹൈസ്കൂൾ വിഭാഗം ബാൻഡ് മത്സരത്തിൽ പരിക്കിന്റെ മേളം. ലാലൂരിലെ ഐ.എം വിജയൻ സ്പോർട്സ് കോംപ്ലക്സിലെ ടർഫിലായിരുന്ന മത്സരം. പ്രകടനം ഗംഭീരമാക്കാൻ പൊരിവെയിലത്തും ആവേശത്തോടെ ചുവടുവച്ച മത്സരാർഥികളിൽ ചിലരുടെ കാലിനു പരിക്കേറ്റു. മത്സരശേഷം കുഴഞ്ഞു വീണവരും തളർന്നുപോയവരും അതിലേറെ.
14 ജില്ലകളിൽ നിന്നെത്തിയ 19 ടീമുകളാണ് പൊരിവെയിലത്തു ചടുലമായും നിശ്ചയദാർഢ്യത്തോടെയും ബാൻഡ് മേളത്തിൽ പൊരുതിയത്.
രാവിലെ ഒന്‍പതിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം രണ്ടുമണിക്കൂറിലേറെ വൈകിയതോടെ വസ്ത്രങ്ങളണിഞ്ഞ് മണിക്കൂറുകളോളം നിന്നശേഷമാണ് കുട്ടികൾ ചുട്ടുപൊള്ളുന്ന മൈതാനത്തെത്തിയത്. ഓരോ ടീമിന്റെയും പ്രകടനത്തിനുശേഷം ടീമംഗങ്ങളിൽ പലരും അവശരായാണ് കളംവിട്ടത്.
പരിപാടി കാണാനെത്തിയ രക്ഷിതാക്കളും അധ്യാപകരും സംഘാടകരുടെ മനസലിവില്ലായ്മയിൽ ആശങ്ക പ്രകടിപ്പിച്ചു. പൊള്ളുന്ന വെയിലത്തു വേണമായിരുന്നോ ഈ ബാൻഡ് മേളം എന്നായിരുന്നു അവരിൽ പലരുടെയും ചോദ്യം. ആർക്കും ഉത്തരമില്ലായിരുന്നു.
Kerala
തൃശൂര്‍: പൂരനഗരിയില്‍ മാര്‍ഗംകളി അഴകിന്റെ കലാവിരുന്നായി. അഴകും മിഴിവും ഒന്നുചേര്‍ന്ന മാര്ഗംകളിമത്സരം ആവേശവും ആസ്വാദ്യവുമായിരുന്നു.
പൗരാണിക ക്രൈസ്തവവേഷവിധാനങ്ങളായ ഞൊറിഞ്ഞുടുത്ത മുണ്ടും ചട്ടയും കവണിയും കുണുക്കും കാശുമാലയും ഏഴുകല്ലുള്ള കമ്മലുമൊക്കെയിട്ട് 'മേയ്ക്കണിന്ത പീലിയുമായില്മേല്ത്തോന്നും മേനിയും' എന്ന പാദഗാനവുമായി ആടിത്തകര്‍ത്തപ്പോള്‍ ഓരോ ടീമിന്റെയും പ്രകടനം ഒന്നിനൊന്നു മികച്ചുനിന്നു. ക്രൈസ്തവവിശ്വാസപാരമ്പര്യം വിളിച്ചോതുന്ന തമിഴ് - മലയാളം ശീലുകളുടെ ഈണപ്പാട്ടിനൊപ്പം കുമാരിമാര്‍ നിലവിളക്കിനുചുറ്റും ആടിത്തകര്‍ത്തു.
പാട്ടുകാരി ഉള്‍പ്പെടെ ഏഴുപേരാണ് ഓരോ ടീമിലും കാഴ്ചവിരുന്നൊരുക്കിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരത്തില്‍ അപ്പീലുമായി എത്തിയവര്‍ ഉള്‍പ്പെടെ 18 ടീമുകള്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം എ ഗ്രേഡും ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 16 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു.
കോട്ടയം ജില്ലയിൽനിന്നും അപ്പീലുമായി എത്തി ഹൈസ്കൂള്‍വിഭാഗത്തില്‍ മത്സരിച്ച പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂളിലെ കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സിസ്റ്റര്‍ സോഫിയായുടെ നേതൃത്വത്തില്‍ എയ്ഞ്ചലീന സണ്ണി ക്യാപ്റ്റനായി അന്ന സണ്ണി, അലീന ജോസ്മോന്, കീര്‍ത്തി മരിയ, മരിയ ബിജു, അല്‍മ ജോസ്, ബെന്ന ഷിനോ എന്നിവരായിരുന്നു ടീം പുന്നത്തുറയിലുണ്ടായിരുന്നത്. ആദ്യമത്സരവും പുന്നത്തുറ ടീമിന്റെയായിരുന്നു. നിറഞ്ഞ കൈയടിയാണ് സദസില്‍നിന്നു ലഭിച്ചത്.
കെസിഎസ്എല്‍, മിഷന് ലീഗ് കലോത്സവങ്ങളിലെയും സംസ്ഥാന ചാമ്പ്യന്മാരാണ് പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് സ്കൂള്‍ ടീം. ജയിംസ് മാഷില്‍നിന്നു പരിശീലനം ലഭിച്ച കുട്ടികള്‍ ഇത്തവണ തനിയെ പരിശീലിച്ചാണ് മത്സരത്തിനെത്തിയത്.
Kerala
തൃശൂർ: ടൗൺഹാളിലെ പവിഴമല്ലി വേദിയിൽ മിമിക്രി മത്സരം തുടങ്ങിയപ്പോൾ പൂരനഗരി കണ്ടത് ഒരു പക്കാ സിനിമാകൊട്ടക പ്രതീതി. എച്ച്എസ്എസ് വിഭാഗം മിമിക്രി മത്സരം കാണാൻ കാണികൾ ഇരച്ചെത്തിയതോടെ ഹാൾ ഹൗസ്ഫുൾ!
ആൺകുട്ടികളുടെ മത്സരം പതിവുശബ്ദാനുകരണത്തോടെയാണ് തുടങ്ങിയതെങ്കിലും വേദി പെട്ടെന്നാണ് ട്രെൻഡിംഗ് ഡയലോഗുകളിലേക്കും ബിജിഎമ്മുകളിലേക്കും ട്രാക്ക് മാറ്റിയത്. അവതരണരീതികൊണ്ടും ശബ്ദവിസ്മയങ്ങൾകൊണ്ടും സദസിനെ ഞെട്ടിച്ചതു മിമിക്രി കലാകാരികൾ ആയിരുന്നു.
എ ഗ്രേഡ് തിളക്കം
ആൺകുട്ടികളിൽ മത്സരിച്ച 14 പേരിൽ 11 പേരും പെൺകുട്ടികളിൽ മത്സരിച്ച 15 ൽ 12 പേരും എ ഗ്രേഡ് തിളക്കവുമായാണ് മടങ്ങിയത്. പുതിയ പ്രമേയങ്ങൾ ഏറെ എത്തിയെങ്കിലും അവതരണത്തിലെ പിഴവുകളും ശബ്ദാനുകരണത്തിലെ പാളിച്ചകളും വിധികർത്താവായ മിമിക്രിതാരം സാജു കൊടിയൻ ചൂണ്ടിക്കാട്ടി.
അച്ഛന്റെ വഴിയേ മകനും; മൈക്കിനുമുന്നിൽ വിറച്ച ബാല്യം,
ഇന്ന് മിമിക്രിയുടെ സുൽത്താൻ
തൃശൂർ: എൽകെജിയിൽ പഠിക്കുമ്പോൾ മൈക്കിനു മുന്നിൽ പകച്ചുനിന്ന് കരഞ്ഞോടിയ ആ കൊച്ചുപയ്യനല്ല ഇന്നു നിഷാൻ മുഹമദ്. ഇന്നവൻ മൈക്കിനുമുന്നിൽ നിന്നാൽ സദസ് ഒന്നടങ്കം നിശബ്ദമാകും. പിന്നാലെ ശബ്ദവിസ്മയങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തും. സംസ്ഥാന സ്കൂൾ മിമിക്രി വേദിയിൽ തുടർച്ചയായ നാലാംതവണയും എ ഗ്രേഡ് തിളക്കത്തിലാണ് കോഴിക്കോട് പാലോറ എച്ച്എസ്എസിലെ ഈ പ്ലസ് വൺ വിദ്യാർഥി.
കോഴിക്കോടുനിന്ന് തൃശൂരിലെ കലോത്സവനഗരിയിലേക്കുള്ള ഒരു വ്ലോഗറുടെ യാത്രയായിരുന്നു നിഷാന്റെ പ്രമേയം. നെഞ്ചിടിപ്പേറ്റുന്ന കാന്താര ബിജിഎമ്മും മനസുനിറയ്ക്കുന്ന താരാട്ടുപാട്ടും പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും സമന്വയിപ്പിച്ച പ്രകടനം സദസിനെ വിസ്മയിപ്പിച്ചു.
മിമിക്രി താരം ഫൈസൽ ഉളിയേരിയുടെയും തസ്നിയുടെയും മകനായ നിഷാൻ, പാരമ്പര്യമായി ലഭിച്ച കലാവാസനയെ പുത്തൻ ട്രെൻഡുകളുമായി ചേർത്തുവച്ചാണ് വേദി കീഴടക്കിയത്. പരിശീലനത്തിനായി പ്രത്യേക സമയം ചെലവിടാറില്ലെന്നും ഒഴിവുവേളകൾ അതിനായി ഉപയോഗിക്കുമെന്നും സിനിമയാണ് തന്റെ ലക്ഷ്യമെന്നും നിഷാൻ കൂട്ടിച്ചേർത്തു.
ചിരിയില്ല, കരയിപ്പിച്ച് എയ്ഞ്ചൽ
തൃശൂർ: ചിരിയുടെ മാലപ്പടക്കം പ്രതീക്ഷിച്ചെത്തിയ കാണികൾക്കുമുന്നിൽ ഇക്കുറി മിമിക്രി വേദി നോവിന്റെ കനലായി. എച്ച്എസ്എസ് വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽദുരന്തവും ഗാസയിലെ യുദ്ധഭീതിയുമെല്ലാം ശബ്ദങ്ങളായി പുനർജനിച്ചപ്പോൾ സദസ് ഞെട്ടലോടെയാണ് അതു കേട്ടിരുന്നത്.
ഉരുൾപൊട്ടലിൽ ഉറ്റവരെത്തേടി അലയുന്ന റിങ്കു എന്ന നായയുടെ ദയനീയാവസ്ഥ ഉൾപ്പെടെ ശബ്ദം കൊണ്ട് ആവിഷ്കരിച്ചതു കോഴിക്കോട് മേമുണ്ട എച്ച്എസ്എസിലെ എയ്ഞ്ചൽ ബി. ദീഷ്. മിമിക്രി ആർട്ടിസ്റ്റ് ഷൈജു പേരാമ്പ്രയുടെ ശിക്ഷണത്തിൽ എത്തിയ എയ്ഞ്ചൽ ചൂരൽമലയിൽനിന്ന് ഗാസയിലെ യുദ്ധമുഖത്തേക്കുള്ള യാത്രയാണ് വേദിയിൽ പകർത്തി എ ഗ്രേഡ് നേടിയത്.
അപ്പീലിലൂടെ മത്സരത്തിനെത്തിയ കോഴിക്കോട് നടുവണ്ണൂർ ജിഎച്ച്എസ്എസിലെ എസ്.ആർ. ശ്രീനഹയും ഗാസയിലെയും പലസ്തീനിലെയും ദുരിതജീവിതം ശബ്ദങ്ങളായി വേദിയിലെത്തിച്ച് എ ഗ്രേഡ് സ്വന്തമാക്കി. ഷൈജു അട്ടപ്പാടിക്കുകീഴിൽ മൂന്നുമാസംമാത്രം പരിശീലനം നടത്തിയാണ് ശ്രീനഹ മിന്നുംപ്രകടനം കാഴ്ചവച്ചത്.
ഒറ്റയ്ക്കു വഴിവെട്ടി വന്നവനാ... പേര് ആൽവിൻ
തൃശൂർ: ഒറ്റയ്ക്കു വഴിവെട്ടി വന്നവനാ...എന്ന നിവിൻ പോളി സിനിമയിലെ മാസ് ഡയലോഗ് തന്റെ ജീവിതത്തിൽ പകർത്തിയിരിക്കുകയാണ് മതിലകം സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി ആൽവിൻ ആന്റണി.
ഗുരുക്കന്മാരുടെ ശിക്ഷണമില്ലാതെ, സ്വന്തം പരിശ്രമത്തിലൂടെ മിമിക്രി പഠിച്ചെടുത്ത ഈ മിടുക്കൻ സംസ്ഥാന കലോത്സവത്തിലെ കന്നിയങ്കത്തിൽതന്നെ എ ഗ്രേഡ് സ്വന്തമാക്കി. ആസിഫ് അലിയും നസ്ലിനും ലാലും റിയാസ് ഖാനും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ വൈറലായ ഡയലോഗുകൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസ് കൈയടികളോടെ വരവേറ്റു.
ബയോ സയൻസ് വിദ്യാർഥിയായ ആൽവിൻ ചിത്രരചനയിലും മുന്‍പേ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാ സംവിധായകൻ ജിനോ ലോനയുടെയും മീരയുടെയും മകനായ ആൽവിൻ, തനിക്കു ചുറ്റുമുള്ള ശബ്ദങ്ങളെയും സിനിമയെയും നിരീക്ഷിച്ചാണ് മിമിക്രിയുടെ ലോകത്തേക്ക് എത്തിയത്.
Kerala
തൃശൂർ: സ്കൂൾ കലോത്സവവേദിയിലെ പദ്യോച്ചാരണമത്സരങ്ങളിൽ സാധാരണ കേൾക്കാറുള്ളതു ഷേക്സ്പിയറോ വേർഡ്സ്വർത്തോ ആണ്.
എന്നാൽ സെന്റ് ക്ലെയേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വേദിയിൽ ഇത്തവണ മുഴങ്ങിക്കേട്ടതു നീതിക്കുവേണ്ടിയുള്ള ഒരു കൗമാരക്കാരിയുടെ രോഷമായിരുന്നു.
കൊൽക്കത്തയിൽ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ ഓർമകൾക്കുമുന്നിൽ സ്വന്തം വരികൾകൊണ്ട് പ്രണാമമർപ്പിച്ചാണ് സേറ റോസ് ജോസഫ് ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് പദ്യോച്ചാരണത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയത്.
മറ്റു മത്സരാർഥികൾ പ്രമുഖകവികളുടെ രചനകൾ ആലപിച്ചപ്പോൾ, സേറ തെരഞ്ഞെടുത്തതു താൻതന്നെ രചിച്ച "കസാൻഡ്രാസ് കഴ്സ്' എന്ന കവിതയായിരുന്നു. സമൂഹത്തിലെ അനീതികൾക്കെതിരേ വിരൽചൂണ്ടുന്ന വരികൾ വിധികർത്താക്കളുടെയും കാണികളുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റി. സെന്റ് ക്ലെയേഴ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ സേറയ്ക്കു സ്വന്തം സ്കൂൾതന്നെ മൽസരവേദിയായി എന്നതും ഏറെ ശ്രദ്ധേയമായി.
Kerala
തൃശൂർ: മാപ്പിളപ്പാട്ടിന്റെ മൊഞ്ചിനോട് ഇഷ്ടം ഏറെയാണ് വൈഗയ്ക്ക്. ശാസ്ത്രീയസംഗീതത്തോട് പെരുത്തിഷ്ടമാണേലും മാപ്പിളപ്പാട്ടിൽമാത്രം മത്സരിച്ചാൽ മതിയെന്നായിരുന്നു തീരുമാനം.
ആ തീരുമാനം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് എട്ടാം ക്ലാസുകാരി വൈഗ സുരേഷ് സംസ്ഥാന കലോത്സവത്തിലെ കന്നി എ ഗ്രേഡുമായി മടങ്ങുന്നത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ വിദ്യാർഥിയാണ്.
നാലുവർഷമായി ഭരണിക്കാവ് അജയകുമാറിനുകീഴിൽ സംഗീതം അഭ്യസിക്കുന്നു. ചെന്നിത്തല കാരാഴ്മ മണലിൽ കുളങ്ങര വീട്ടിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായ രതീഷിന്റെയും വീട്ടമ്മയായ മഞ്ജുവിന്റെയും മകളാണ്. അനുജൻ വിഘ്നേഷ് രണ്ടാംക്ലാസ് വിദ്യാർഥി.
Kerala
തൃശൂര്‍: "സര്‍വം മായ' സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ജെന്‍സി താരം റിയ ഷിബു കലോത്സവേദിയിലും സൃഷ്ടിച്ചതു ഡെലൂലു എഫക്ട്. ഉദ്ഘാടനവേദിയായ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ "സൂര്യകാന്തി' സ്റ്റേജില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമൊപ്പം വിശിഷ്ടാതിഥിയായെത്തിയ ഡെലൂലൂ കൈയടികള്‍ വാരിക്കൂട്ടി. പ്രസംഗിക്കാനായി റിയ ഷിബുവിനെ ക്ഷണിച്ചപ്പോള്‍തന്നെ കുട്ടികൾ നിറഞ്ഞ കൈയടികളോടെ അവരുടെ സ്നേഹം അറിയിച്ചു.
നിറഞ്ഞ ചിരിയുമായി വേദിയിലെത്തിയ ഡെലൂലു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദിപറഞ്ഞാണ് തുടങ്ങിയത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൗമാരകലാമേളയില്‍ വിശിഷ്ടാതിഥിയായി എത്താന്‍ സാധിച്ചതില്‍ ഡെലൂലു സംഘാടകര്‍ക്കു നന്ദി പറഞ്ഞു.
""കലയെ ഒരു മത്സരം മാത്രമായി കാണേണ്ടതില്ല, അതൊരു ഇമോഷന്കൂടിയാണ്. സ്കൂള്‍ ജീവിതകാലത്തു കലോത്സവത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല, കാരണം ആത്മവിശ്വാസക്കുറവായിരുന്നു. മത്സരങ്ങളില്‍ വിജയിക്കുന്നതിനെക്കാള്‍ പ്രധാനമാണ് പങ്കെടുക്കുന്നത്. അതിന് അവനനവില് വിശ്വസിച്ചെങ്കില്മാത്രമേ സാധിക്കുകയുള്ളു. അതുതന്നെയാണ് മത്സരാര്‍ഥികള്‍ക്കു ലഭിക്കാവുന്ന യഥാര്ഥസമ്മാനം. പരാജയങ്ങള്‍ നിങ്ങളെ നിര്‍വചിക്കാന്‍ അനുവദിക്കരുത്. മുന്നോട്ടുപോവുകതന്നെ വേണം. കലയെന്നത് നിങ്ങളുടെ ഉള്ളിലെ വാസനകളെ തുറന്നുകാട്ടാനുള്ള അവസരരമാണ്'' റിയ ഷിബു പറഞ്ഞു.
വേദിവിട്ട ഡെലൂലുവിനെ കാത്ത് വേദിക്കുപുറത്തും ആരാധകര്‍ തടിച്ചുകൂടി. ആരാധകര്‍ക്കൊപ്പം സെല്ഫിഎടുത്തുകൊണ്ടുനിന്ന ഡെലൂലു, ദീപികയോടും കലോത്സവവേദിയിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചു.
ഇത്തരമൊരു ആദരവ് താന്‍ പ്രതീക്ഷിച്ചിരുന്നതല്ലെന്നും അവർ പറഞ്ഞു.എന്തു സംഭവിച്ചിലും 'കീപ്പ് ഗോയിംഗ്' എന്ന സന്ദേശം മാത്രമാണ് തനിക്കു മത്സരാര്‍ഥികള്‍ക്കു നല്കാനുള്ളതെന്നും പ്രേക്ഷകരുടെ പ്രിയ ഡെലൂലു പറഞ്ഞു.
Kerala
തൃശൂര്‍: ദേവദുന്ദുഭിയില് ശ്രുതിചേര്‍ത്ത്, ജയദേവരുടെ ഗീതാഗോവിന്ദത്തിലെ അഷ്ടപദിപദങ്ങള് കലോത്സവവേദിക്കു സമ്മാനിച്ചത് ശുദ്ധസംഗീതത്തിന്റെ രാഗരസം.
സംസ്കൃതോത്സവത്തില്‍ ഹൈസ്കൂള്‍ ആണ്‍കുട്ടികളുടെ അഷ്ടപദി ഉന്നതനിലവാരം പുലര്‍ത്തിയപ്പോള്‍ മത്സരം ആവേശമായി. 14 പേര് പങ്കെടുത്ത അഷ്ടപദിയില്‍ 14 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു.
12-ാം നൂറ്റാണ്ടില്‍ ജീവിച്ച സംസ്കൃതകവി ജയദേവര്‍ രചിച്ച സംസ്കൃതകാവ്യം ഗീതാഗോവിന്ദത്തിലെ 24 അഷ്ടപദികളാണു സാധാരണയായി വേദികളില്‍ അവതരിപ്പിക്കുന്നത്. പൊതുവേ ഓരോ പദങ്ങളും ഓരോ രാഗഭാവങ്ങളിലാണ് ആലപിക്കുന്നതെന്ന് ഈയിനത്തില്‍ എ ഗ്രേഡ് ലഭിച്ച കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി ആര്. ശ്രേയസ് പറഞ്ഞു.
പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഏലൂര്‍ ബിജുവിന്റെ ശിഷ്യനാണ് ശ്രേയസ്. ഈയിടെ അന്തരിച്ച തൃക്കാരിയൂര്‍ സുരേഷ് മാരാരായിരുന്നു ഇടയ്ക്കയില്‍ ശ്രേയസിന്റെ ഗുരു.
സി.കെ.രാജേഷ് കുമാറിന്റെയും കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജുമായ പി.എസ്. ലക്ഷ്മിപ്രിയയുടെയും മകനാണ് ശ്രേയസ്. നാലാംക്ലാസില്‍ പഠിക്കുന്ന നവ്ദീപ് സഹോദരനാണ്.
Kerala
തൃശൂർ: കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ കുടമാറ്റത്തിന് ഇന്ന് അരങ്ങുണരും. വടക്കുന്നാഥനുചുറ്റും പൂക്കളുടെ പേരിട്ട 25 വേദികളിലായി അഞ്ചുനാൾ നഗരം നാദതാളലയങ്ങളിൽ മുഴുകും. ചെണ്ടമേളവും കഥകളിയും നൃത്തവും പാട്ടുമെല്ലാമായി പൂരനഗരി മറ്റൊരു ഉത്സവത്തിമർപ്പിലേക്ക്. 15,000 പ്രതിഭകളാണു മേളയിൽ മാറ്റുരയ്ക്കുക.
മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലുള്ള പ്രധാന വേദിയിൽ നിർവഹിക്കും. രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗികതുടക്കമാകും.
തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ അണിനിരക്കുന്ന കുടമാറ്റവുമുണ്ടാകും. ഉദ്ഘാടനച്ചടങ്ങിൽ 10,000 കുട്ടികളെയാണു പ്രതീക്ഷിക്കുന്നത്.
ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇക്കുറി ആപ്തവാക്യം. ബി.കെ. ഹരിനാരായണൻ ചിട്ടപ്പെടുത്തിയ സ്വാഗതഗാനം കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിക്കും.
കലോത്സവത്തിന്റെ തീംസോംഗ് പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്. പൂർണമായും ഹരിതചട്ടം പാലിച്ചാണു കലോത്സവം അരങ്ങേറുക. കലോത്സവത്തിന്റെ കലവറനിറയ്ക്കൽ, പാലുകാച്ചൽ, സ്വർണക്കപ്പിന് ആവേശോജ്വല സ്വീകരണം എന്നിവ ഇന്നലെ നടന്നു.
ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ, പൊതുവിദ്യാഭ്യാസസെക്രട്ടറി ഡോ.കെ. വാസുകി, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളാകും.
Kerala
തൃശൂർ: പൂരനഗരി ഇനി കലകളുടെ സംഗമഭൂമി. ജനസാഗരത്തിന്റെ ആരവങ്ങൾ പരിചിതമായ തേക്കിൻകാട്ടിലും പരിസരത്തും ഇനി സകലകലകളുടെയും ആരവം ഉയരും. 64-ാമതു കേരള സ്കൂൾ കലോത്സവത്തിനു നാളെ തിരിതെളിയും.
നാളെമുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. കൗമാരകലാമേളയുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും.
തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും കലാമേളയ്ക്കു സ്വാഗതമോതും.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ സ്വാഗതമാശംസിക്കും. ഉത്തരവാദിത്വകലോത്സവം സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി നൽകും. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.
കലോത്സവത്തിന്റെ സ്വാഗതഗാനം ബി.കെ. ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗതഗാനത്തിന്റെ അവതരണം ഉണ്ടാകും. കലോത്സവത്തിന്റെ തീം സോംഗ് പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്.
കപ്പ് പൂരനഗരിയിൽ
കലോത്സവത്തിലെ ചാന്പ്യൻമാർക്കു നൽകുന്ന സ്വർണക്കപ്പിന് ആതിഥേയജില്ലയുടെ ആവേശോജ്വല സ്വീകരണം. ഇന്നു സ്വർണക്കപ്പ് പൂരനഗരിയിലെത്തും.
മിനിപൂരമൊരുക്കാൻ ദേവസ്വങ്ങൾ
പൂരനഗരിയിൽ അരങ്ങേറുന്ന കലാമാമാങ്കം കൊഴുപ്പിക്കാൻ തൃശൂർ പൂരം മേളപ്രമാണിമാരുടെ പ്രാമാണ്യത്തിൽ പാണ്ടിമേളം. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നാളെ രാവിലെ ഒന്പതിനു പ്രധാനവേദിയായ എക്സിബിഷൻ ഗ്രൗണ്ടിലെ സൂര്യകാന്തിക്കുസമീപമാണു മേളം അരങ്ങേറുക. പാറമേക്കാവ്, തിരുവമ്പാടി മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻമാരാരും ചെറുശേരി കുട്ടൻമാരാരും ഒരുമിച്ച് മേളത്തിനു പ്രാമാണികത്വം വഹിക്കും.
ആകെ ഇനങ്ങൾ: 239
ആകെ വേദികൾ: 25
ഹൈസ്കൂൾ വിഭാഗം: 96
എച്ച്എസ്എസ്: 105
സംസ്കൃതോത്സവം: 19
അറബിക് കലോത്സവം: 19
Kerala
തൃശൂർ: കൗമാരോത്സവവേദിയിൽ നൂപുരധ്വനികളും കലാരവങ്ങളുമുയരാൻ ഇനി മണിക്കൂറുകൾമാത്രം. തയാറെടുപ്പുകളെല്ലാം പൂർത്തിയായ വേദികളും കലയുടെ കേളികൊട്ടിനു കാതോർക്കുകയാണ്.
പ്രാധാന വേദിയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നു സബ്കമ്മിറ്റി കണ്‍വീനർ എ.എ. ജാബിർ അറിയിച്ചു. വേദിനിർമാണത്തിൽ പൂർണമായും ജർമൻ സാങ്കേതികത ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല. വേദിയോടുചേർന്നുള്ള മരങ്ങളുടെ ചില്ലകളോ കന്പുകളോ വെട്ടാൻ പാടില്ലെന്ന ഹൈക്കോടതിവിധി മാനിച്ചാണിത്.
അടുപ്പും കലവറയും ഉണരുന്നു
കലോത്സത്തിന്റെ തലേന്നാളായ ഇന്നു മുതൽ മത്സരാർഥികളും കൂടെയുള്ളവരും എത്തിത്തുടങ്ങും. ഇന്നു ച്ചകഴിഞ്ഞ് മൂന്നിന് പാചകപ്പുരയിലെ അടുപ്പിൽ പ്രധാന പാചകക്കാരൻ പഴയിടം മോഹനൻ നന്പൂതിരി തീകൂട്ടും. പാലുകാച്ചലോടെ അടുപ്പും പാചകപ്പുരയും കലവറയും പന്തലും സജീവമാകും.
താമസസൗകര്യം ക്യുആർ കോഡിൽ
മത്സരാർഥികളെ വരവേൽക്കുന്നതു ഡിജിറ്റൽ അക്കോമഡേഷൻ സൗകര്യങ്ങൾ ഒരുക്കിയാണ്. ഒറ്റ ക്ലിക്കിന്റെ ദൂരത്തിൽ താമസസൗകര്യങ്ങളിലേക്ക് എത്താൻ കഴിയും. പതിനായിരത്തിലേറെ മത്സരാർഥികൾ എത്തുന്ന സംസ്ഥാനകലോത്സവത്തിൽ എല്ലാ വർഷവും നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് താമസസൗകര്യങ്ങളിലേക്കുവഴിയറിയാതെയുള്ള നടത്തം. ഇത്തവണ ഡിജിറ്റൽ അക്കോമഡേഷനിലൂടെ ഈ പ്രശ്നം പരിഹരിക്കുകയാണു കലോത്സവ കമ്മിറ്റി.
മത്സരാർഥികൾക്കും കുടുംബത്തിനും അധ്യാപകർക്കും താമസിക്കാൻ കിടക്കകളടക്കം അടിസ്ഥാന സൗകര്യങ്ങളോടെ 20 സ്കൂളുകളാണ് താമസകേന്ദ്രങ്ങളായി ഒരുക്കിയിരിക്കുന്നത്. ഇവയുടെ പൂർണ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ക്യു ആർ കോഡ് വഴി കൈമാറും.
സ്കൂളുകളുടെ പേര് ഉൾപ്പെടുത്തിയ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിൾ മാപ്പ് വഴി അവിടേക്കുള്ള വഴിതെളിയും. നൽകിയിരിക്കുന്ന നന്പറുകളിൽ ടാപ്പ് ചെയ്താൽ നേരിട്ട് ആ നന്പറിലേക്ക് കോൾ പോകും. അടിസ്ഥാനവിവരങ്ങൾ അറിയാനും ആവശ്യങ്ങൾ അറിയിക്കാനും കഴിയും. സ്കൂളുകൾ റിസർവ് പട്ടികയിലും ഉൾപ്പെടുന്നുണ്ട്.
കുടിവെള്ളം, ചുക്കുകാപ്പി
കുടിവെള്ളം, ചുക്കുകാപ്പി തുടങ്ങിയവയും വിദ്യാർഥികൾക്കായി ഒരുക്കും. എൻഎസ്എസ്, എസ്പിസി വോളന്റിയർമാരുടെ സാന്നിധ്യം 24 മണിക്കൂറും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഹെൽപ്ഡസ്കുകളും ഉണ്ടാകും.
താമസകേന്ദ്രങ്ങളിൽനിന്നു മത്സരവേദിയിലേക്കും ഭക്ഷണശാലയിലേക്കും വാഹനസൗകര്യം ലഭ്യമാകും. എല്ലാ കേന്ദ്രങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും.
വ്യക്തിഗത ഇനങ്ങളെക്കാൾ ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ താമസസൗകര്യം കൂടുതലായി ഉപയോഗിക്കുമെന്ന വിലയിരുത്തലിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
നഗരം ഒരുങ്ങി
കലോത്സവത്തിനു മുന്നോടിയായി പ്രധാന വേദി അടക്കം മൂന്നു വേദികളുള്ള തേക്കിൻകാട് മൈതാനം വൃത്തിയാക്കി. കോർപറേഷന്റെ ഹരിതകർമസേനയാണ് ശുചീകരണം നടത്തിയത്. സ്വരാജ് റൗണ്ടും നഗരവുമായി ബന്ധപ്പെട്ട റോഡുകളും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി. നഗരത്തിലേക്കു വരുന്നവർക്കായി കോർപറേഷന്റെ വക കുടിവെള്ളസൗകര്യമൊരുക്കി.
കലോത്സവത്തിന്റെ പരിധിയിലുള്ള കടകളിൽ സിഗരററ്റിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും വിൽപന നിർത്തലാക്കി. സന്നദ്ധപ്രവർത്തകരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഗതാഗതനിയന്ത്രണത്തിന് പോലീസുകാരും സജ്ജമാണ്.
Kerala
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 14നു തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ തിരിതെളിയും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 18ന് സമാപനസമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും.
മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം എന്നിവ പ്രധാന വേദിയിൽ അരങ്ങേറും. സംസ്കൃത കലോത്സവം 13-ാം വേദിയായ ജവഹർ ബാലഭവനിലും അറബിക് കലോത്സവം 16, 17 വേദികളായ സിഎംഎസ് എച്ച്എസ്എസിലും നടക്കും. പാലസ് ഗ്രൗണ്ടിലാണ് ഭക്ഷണശാല. ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിലാണ് രജിസ്ട്രേഷൻ. ഗവ. മോഡൽ ജിവിഎച്ച്എസ്എസിലാണ് പ്രോഗ്രാം ഓഫീസ്.
മന്ത്രിമാരായ ആർ. ബിന്ദു, വി. ശിവൻകുട്ടി എന്നിവരാണു മുഖ്യ രക്ഷാധികാരികൾ. മന്ത്രി കെ. രാജനാണു സംഘാടകസമിതി ചെയർമാൻ. എ.സി. മൊയ്തീൻ എംഎൽഎ - പ്രോഗ്രാം കമ്മിറ്റി ചെയർമാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്- ജനറൽ കോ-ഓർഡിനേറ്റർ എന്നിവരും നേതൃത്വം നൽകും.
കലോത്സവ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റും സന്ദർശിക്കാമെന്ന് മന്ത്രി പറഞ്ഞു. അനിൽ ഗോപൻ തയാറാക്കിയ ലോഗോയും മന്ത്രിമാർ ചേർന്നു പ്രകാശനം ചെയ്തു.
Leader Page
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആഘോഷകാലം. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ മാമാങ്കം. കേരളസർക്കാറിന്റെ എല്ലാ വകുപ്പുകളും , സാമൂഹ്യ ,സാംസ്കാരിക, കലാ , തൊഴിൽ രംഗങ്ങളിലെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് രാപകൽ പ്രയത്നിച്ച് വിജയിപ്പിക്കുന്ന മഹോത്സവം . എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ സഹകരിച്ച് വർണാഭമാക്കുന്ന കലയുടെ ഉത്സവം.
എത്ര കുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്? കലോത്സവങ്ങൾക്കായി ചെലവഴിക്കുന്ന പണം , മനുഷ്യ പ്രയത്നം, ലഭ്യമാകാതെ പോകുന്ന അധ്യയന ദിനങ്ങൾ എന്നിവയ്ക്ക് ആനുപാതികമായി സംസ്ഥാന വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണം ലഭിക്കുന്നുണ്ടോ ?അതിനെപ്പറ്റി എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് വിദ്യാഭ്യാസമേഖല പരിഗണിച്ചിട്ടുണ്ടോ?
കലോത്സവങ്ങളിൽ വിജയികളാവുന്ന എത്ര കുട്ടികൾ , ജീവിത വിജയതിന്റെ വഴിത്താരയിൽ വർണവിളക്കായി അത്തരം കഴിവുകളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്?
ഗ്രേസ് മാർക്ക് കിട്ടി എ പ്ലസുകളുടെ എണ്ണം കൂട്ടാൻ രക്ഷിതാക്കളും , വിദ്യാലയവും കുട്ടികളും ചേർന്നു നടത്തുന്ന പണോത്സവവും സമ്മർദ്ദോത്സവവും ആയി ഇത് മാറുന്നുണ്ടോ?
വിവിധ കമ്മിറ്റികൾ അധ്യാപക സംഘടനകൾ വിഭജിച്ചെടുത്ത് വിജയിപ്പിക്കുന്നു. അവർ അത് അഭിമാനപ്രശ്നമാക്കിയെടുത്ത് കഠിനാദ്ധ്വാനം ചെയ്യുന്നു. ചിലരെ മഹത്വവൽക്കരിക്കാനും വെള്ളിവെളിച്ചത്തിൽ നിർത്താനും മാത്രമായി കുറെ ചടങ്ങുകൾ . ഇത്തരം ചടങ്ങുകൾ ഈ മഹോത്സവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഹൈജാക്കു ചെയ്യുന്നുണ്ടെങ്കിൽ തിരുത്താനുള്ള ആർജവം നാം കാണിക്കണം.
കേരളത്തിലെ മൊത്തം സ്കൂൾകുട്ടികളുടെ എണ്ണം പരിഗണിച്ചാൽ ഇതു കൊണ്ട് നേരിട്ടോ അല്ലാതെയോ ഗുണം ലഭിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറവല്ലേ? ഇതേ ഉത്സവത്തിൽത്തന്നെ ഇനിയുമേറെ കുട്ടികൾക്ക് പങ്കാളിത്തവും ഗുണവും കിട്ടുന്നരീതിയിൽ മേൽപ്പറഞ്ഞ സംഘാടകർ പിൻനിരയിലും കുട്ടികൾ മുൻ നിരയിലുമായി നിന്ന് ഇത് ഒരു യഥാർഥ പഠനപരിശീലന പരിപാടിയായി പുനഃക്രമീകരിക്കാൻ കഴിയണം.
ഇപ്പോൾ പഠിക്കുന്ന കുട്ടികളിൽ അസാധാരണ പ്രതിഭാശാലികളെ ഉദ്ഘാടനങ്ങൾക്കും സമ്മാനദാനങ്ങൾക്കും ആദരിക്കലുകൾക്കുമൊക്കെ ക്ഷണിക്കാവുന്നതാണ്. നിർബന്ധമാണെങ്കിൽ സെലിബ്രിറ്റികളും നേതാക്കളും തൊട്ടുപിന്നിൽ നിൽക്കട്ടെ .
വിവിധ കമ്മറ്റികളിൽ തെരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിച്ച് പുനഃക്രമീകരിച്ചാൽ സംഘാടന പരിശീലനം പ്രായോഗികമായി ലഭിക്കും.
സ്കൂൾതല കലോത്സവം മുതൽക്ക് എല്ലാഘട്ടത്തിലും കുട്ടികൾക്ക് പ്രധാന്യം നൽകി അധ്യാപകരും രാഷ്ട്രീയക്കാരും പിന്നിൽ നിൽക്കണം.
നേരം പുലരുന്നതുവരെ തുടരുന്ന മത്സരങ്ങൾ മത്സരാർത്ഥികൾക്കും വിധി കർത്താക്കൾക്കും പീഡനമാണെന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാവില്ല. അതൊഴിവാക്കാൻ ശ്രമം നടത്തണം.
വ്യത്യസ്ത ഇനങ്ങളെ സാധ്യമായ വിധത്തിൽ ക്ലസ്റ്ററുകളാക്കി , വ്യത്യസ്ത ജില്ലകൾക്ക് വിഭജിച്ച് നൽകി വ്യത്യസ്ത ജില്ലകളിൽ തന്നെ നടത്താൻ സാധിക്കുമോ എന്നു പരിശോധിക്കാം. ഗതാഗത പ്രശ്നങ്ങൾ ഉൾപ്പെടെ പല പ്രശ്നങ്ങളും അങ്ങനെ പരിഹരിക്കാൻ കഴിയും. നിശ്ചിതസമയം കഴിഞ്ഞാൽ മത്സംരങ്ങൾ അവസാനിക്കത്തക്കവിധം ഇനങ്ങളുടെ സമയക്രമം പുനഃക്രമീകരണം നടത്തണം. വേദികളുടെ എണ്ണം കൂട്ടണമെങ്കിൽ കൂട്ടണം .
വിവിധ പ്രലോഭനങ്ങൾക്ക് കീഴ്പ്പെടുന്ന വിധികർത്താക്കളും അതിനു ചരടുവലിക്കുന്ന പരിശീലകരും എല്ലാം മുമ്പെ ചർച്ച ചെയ്യപ്പെട്ടതാണ്.
(കൗൺസലിംഗ് സൈക്കോളജിസ്റ്റാണ് ലേഖകൻ)